കുറേ, കുറേക്കാലം മുമ്പാണ്. 70 കളുടെ അവസാനം. കൊച്ചി വാസമൊക്കെ മതിയാക്കി ഞാൻ അരൂര് തേനാട്ട് വെളിയിലുള്ള ഞങ്ങളുടെ ശ്രീനിലയം എന്ന വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. എന്നെ അരൂർ സെൻറ് അഗസ്റ്റിൻസ് എൽ.പി.സ്കൂളിൽ നാലാം ക്ലാസിൽ ചേർക്കുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു. അരൂര് അന്ന് യാതൊരു നാട്യങ്ങളുമില്ലാത്ത, നിർമ്മലയും, നിഷ്ക്കളങ്കയുമായ, ദാവണി ചുറ്റിയ ഒരു നാട്ടിൻ പുറത്തുകാരി പെൺകുട്ടിയായിരുന്നു. ഒച്ചയും, ബഹളവുമില്ല, പൊടി പടലങ്ങളില്ല, കത്തിക്കാളുന്ന വെയിലില്ല…. ഉള്ളത് നിഷ്ക്കളങ്കരായ, പച്ചപ്പാവങ്ങളായ കുറേ ഗ്രാമീണർ. കിഴക്കും, പടിഞ്ഞാറും കായൽ, വടക്കോട്ട് പോയാൽ കായലിനപ്പുറം പരിഷ്ക്കാരിയായ കൊച്ചിയുടെ ദ്വാരപാലിക, ഇടക്കൊച്ചി. തെക്കോട്ട് പോയാൽ ചന്തിരൂർ, എരമല്ലൂർ, കുത്തിയതോട്, തുറവൂർ, ചേർത്തല….
വേനലവധി തുടങ്ങിയാൽ അച്ഛന് SSLC മൂല്യനിർണയ ക്യാമ്പ് ഉണ്ടാകും. ചേട്ടൻ സൈനിക സ്ക്കൂളിൽ നിന്ന് മെയ് ആദ്യമേ വരൂ. അത് കൊണ്ട് തന്നെ അച്ഛൻ മൂല്യ നിർണയ ക്യാമ്പിന് പോയാൽ 7 വയസുകാരനായ എന്നെയും, 2 വയസുകാരനായ അനിയനെയും സംരക്ഷിക്കാൻ അമ്മ മാത്രമേ ഉണ്ടാകൂ. രാത്രികളിൽ ഉറങ്ങാതെ അമ്മ, ഉത്തരപേപ്പർ നോക്കിയും, പച്ചക്കറി നുറുക്കിയും അങ്ങനെയിരിക്കുന്നത് ഉറക്കം ഞെട്ടിയെഴുന്നേൽക്കുമ്പോൾ ഞാൻ കണ്ടിട്ടുണ്ട്. വിഷുവിനടുപ്പിച്ച് മൂല്യനിർണയം ആദ്യഘട്ടം പൂർത്തിയാക്കി അച്ഛനെത്തിയാൽ പിന്നെ തിരക്കാണ്. എടുപിടീന്ന് പച്ചക്കറികളും, പലവ്യഞ്ജനങ്ങളും, പടക്കങ്ങളും വാങ്ങണം. പൊട്ടുന്ന പടക്കങ്ങൾ, മാലപ്പടക്കം, ഓലപ്പടക്കം, ഗുണ്ട്, റോക്കറ്റ് ഇതൊന്നും അച്ഛൻ വാങ്ങില്ല. ഏറ് പടക്കം ഒഴിച്ച്. കാരണം പൊട്ടുന്ന പടക്കങ്ങൾ അച്ഛന് പേടിയായിരുന്നു. എനിക്കോർമ്മയില്ല, ചേട്ടൻ പറഞ്ഞുള്ള അറിവാണ്. ഒരിക്കൽ അച്ഛന് കുറേ മാലപ്പടക്കം കിട്ടി, ഒഴിവാക്കാൻ ആയില്ല. എന്ത് ചെയ്യും? അച്ഛൻ പടക്കം മതിലിൽ ചുറ്റിയിട്ടു. എന്നിട്ട് വീട്ടിൽ നിന്ന് കൊണ്ട് ഒരു നീളൻ കമ്പിന്റെ അറ്റത്ത് പഴന്തുണി ചുറ്റി ഉണ്ടാക്കിയ പന്തം ഉപയോഗിച്ച് പടക്കത്തിന് തീ കൊടുത്തു. അത്ര പേടിയായിരുന്നു അച്ഛന് പൊട്ടുന്ന പടക്കങ്ങൾ. അത് കൊണ്ട് കമ്പിത്തിരി, മത്താപ്പ്, പൂത്തിരി, ചക്രം, കുരവപ്പൂ, പൊട്ടാസ്, പാമ്പ് ഇങ്ങനെ താരതമ്യേന നിരുപദ്രവകരമായ പടക്കങ്ങളിലൊതുങ്ങി ഞങ്ങളുടെ വിഷു. ആ… പിന്നെ ഏറു പടക്കം… എനിക്കാ ലോജിക്ക് ഇന്നും മനസിലായിട്ടില്ല. പൊട്ടുന്ന പടക്കങ്ങളെ പേടിച്ചിരുന്ന അച്ഛൻ ഏറു പടക്കം വാങ്ങിച്ചിരുന്നതും, ആരോടോ ഉള്ള ദേഷ്യം തീർക്കും പോലെ സർവ ശക്തിയുമെടുത്ത് അത് എറിഞ്ഞ് പൊട്ടിച്ചിരുന്നതും.
പടക്കം കൊണ്ടു വന്നാൽ അത് വീതം വയ്ക്കുന്ന ചടങ്ങുണ്ട്. ചേട്ടൻ മെയ് മാസത്തിൽ മാത്രമേ വരൂ എന്നതിനാൽ വാങ്ങിയ പടക്കത്തിന്റെ നേർ പകുതി അച്ഛൻ ചേട്ടന് വേണ്ടി പൊതിഞ്ഞ് മാറ്റിവയ്ക്കും. മറ്റേപ്പകുതിയാണ് എന്റെയും, അനിയന്റേയും ആളോഹരി വീതം. അത് കത്തിക്കാൻ വിഷുപ്പുലരിവരെ അക്ഷമയോടെ ഞാനും, അനിയനും കാത്തിരിക്കും. പക്ഷേ ആ ക്ഷമയൊന്നും ചുറ്റുപാടുമുള്ള വീട്ടുകാർക്കുണ്ടാകില്ല. അവർ തലേന്നേ തുടങ്ങും. പ്രത്യേകിച്ച് ആശാരിവീട്ടുകാർ. അവർ വിഷുത്തലേന്ന് വൈകിട്ട് മുതൽ അർദ്ധരാത്രി വരെ ഓലപ്പടക്കം, മാലപ്പടക്കം, ഗുണ്ട്, റോക്കറ്റ് കത്തിച്ച് അക്ഷരാർത്ഥത്തിൽ ആഹ്ലാദിച്ചു വന്നിരുന്നു, ഇന്നത്തെക്കാലത്തെ ഭാഷയിൽ… അർമാദിച്ചിരുന്നു. അച്ഛനും, അമ്മയും അടച്ചിട്ട വാതിലുകൾക്കുള്ളിലിരുന്ന് ഔചിത്യ ബോധമില്ലാത്ത അയൽക്കാരെക്കുറിച്ചോർത്ത് പരിതപിച്ചു. അച്ഛനെ… അച്ഛന്റെ പടക്കപ്പേടി അയൽക്കാർക്കറിയാമായിരുന്നു….. കിട്ടിയ തക്കത്തിന് ഒന്ന് ട്രോളിയതാണോ ആശാരി വീട്ടുകാർ എന്ന് എനിക്ക് ഇന്നും സംശയമില്ലാതില്ല.
വിഷുവിന് വീതം കിട്ടിയ പടക്കം കത്തിച്ച് തീർത്ത്, സദ്യയുമുണ്ട് കഴിഞ്ഞാൽ പിന്നെയൊരു കാത്തിരിപ്പാണ്… ചേട്ടൻ വരാൻ. എന്നാലല്ലേ ബാക്കി പടക്കം വെളിച്ചം കാണൂ. ഇതിനിടയിൽ അച്ഛൻ മൂല്യനിർണയ ക്യാമ്പിൽ ദേ പോയി, ദാ വന്നിരിക്കും. ചേട്ടന്റെ ആദ്യകാല വരവുകൾ ഒക്കെ ട്രെയിനിന് ആയിരുന്നു. അച്ഛനും, ഞാനും കൂടെ എറണാകുളത്ത് സൗത്ത് സ്റ്റേഷനിൽ പോയി നിന്ന് ഒരു ഹീറോയെ ആനയിക്കുന്നത് പോലെ ചേട്ടനെക്കൂട്ടി കൊണ്ടുവന്നിരുന്നു. മെയ് ആദ്യം വീട്ടിൽ വന്നാൽ ചേട്ടൻ മടങ്ങിപ്പോവുക ജൂലൈ ആദ്യമാണ്. അത് വരെ വീടും പരിസരവും മൊത്തത്തിൽ ഒരു മാറ്റമാണ്. ഞാൻ എന്റെ കുട്ടിക്കാലത്ത് കണ്ടതിൽ ഏറ്റവും വലിയ വേന്ദ്രൻ, അതായത് വില്ലാദിവില്ലൻ ആയിരുന്നു എന്റെ ചേട്ടൻ. അടുത്ത നിമിഷം എന്ത് ചെയ്ത് കളയും എന്ന് പറയാൻ ആകാത്ത പ്രകൃതം. ആരെയും വകവയ്ക്കില്ല. ആരെയും പേടിയില്ല. ഒരിക്കൽ രാത്രി 2 മണിക്ക് ചേട്ടൻ കഴക്കൂട്ടത്ത് നിന്ന് തന്നെ വരികയാണ്. അന്ന് വീട്ടിൽ കാവൽ കിടന്നിരുന്ന ഒരു കില്ല പട്ടിയുണ്ടായിരുന്നു. അക്ഷരാർത്ഥത്തിൽ ഒരു അതിഥി. ആരോ അതിന്റെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചു. വിശന്ന് വലഞ്ഞ് കയറി വന്ന അതിനെ അമ്മ ഭക്ഷണം നൽകി സംരക്ഷിച്ചു. അതോടെ ആരും പറയാതെ ഞങ്ങളുടെ പ്രൊട്ടക്ഷൻ ആ പട്ടി ഏറ്റെടുത്തു. കത്ത് നൽകാൻ വന്ന പോസ്റ്റ്മാനെ ഓടിച്ചിട്ട് കടിച്ചു. ഞങ്ങളുടെ കിണറ്റിൽ നിന്ന് വെള്ളമെടുത്തിരുന്ന അയൽക്കാരെ അങ്ങോട്ടടുപ്പിക്കാതായി. ഒരു ഭീകരജീവി. അതിന്റെ മുന്നിലാണ് തീർത്തും അപരിചിതനായ ചേട്ടൻ ഒരു ബാഗും തൂക്കി രാത്രി 2 മണിക്ക് പ്രത്യക്ഷപ്പെട്ടത്. തും കോൻ ഹോ എന്ന് കുരച്ചതേ പട്ടിക്ക് ഓർമ്മയുള്ളൂ. മെം ഇസ് ഘർ കാ നിവാസീ ഹും എന്ന് ചേട്ടൻ കയ്യിലിരുന്ന ബാഗ് ചുഴറ്റി പട്ടിയുടെ ദേഹത്ത് തന്നെ മറുപടി കൊടുത്തു. പിറ്റേന്ന് ഞങ്ങൾ നോക്കുമ്പോൾ, ഈ കിരീടം സിനിമയിൽ ലാലേട്ടന്റെ പുറകെ കൊച്ചിൻ ഹനീഫ നടക്കും പോലെ, ചേട്ടന്റെ പിന്നാലെ വാലുമാട്ടി നടക്കുകയാണ് കക്ഷി, ഞങ്ങളെക്കാണുമ്പോൾ മുരണ്ട് കൊണ്ട്…. ബ്ലഡീ ഗ്രാമവാസീസ്, നിന്നെയൊക്കെയാണല്ലോ ഇത്രയും കാലം ഞാൻ സേവിച്ചത്? കഷ്ടം എന്ന മട്ടിൽ. മുള്ള്, മുരട്, മൂർഖൻ പാമ്പും ചേട്ടൻ ശ്രീനിലയത്തിലുണ്ടെങ്കിൽ ഡീസൻറായേ പെരുമാറൂ.
ചേട്ടൻ വന്നാൽ തിരിച്ചു പോകുക ജൂലൈ ആദ്യമാണ്. അതിനിടയിൽ എനിക്ക് ആ വർഷം പഠിക്കാനുള്ളത് മൊത്തം എന്നെ പഠിപ്പിച്ചു തീർക്കും, ചുരുങ്ങിയത് ഒരു 4 മാതൃകാ പരീക്ഷയെങ്കിലും നടത്തുകയും ചെയ്യും. അത് പോലെ കഴിഞ്ഞ ടേമിൽ താൻ കണ്ട സിനിമകൾ, വായിച്ച പുസ്തകങ്ങൾ ഇതൊക്കെ പൊടിപ്പും തൊങ്ങലും വച്ച് വർണിച്ചു തരികയും ചെയ്യും. ഇതിനിടയിൽ ചേട്ടൻ ചെയ്തിരുന്ന ചില ഉഡായിപ്പുകൾ കണ്ടു പിടിക്കാൻ ഞാൻ വർഷങ്ങൾ എടുത്തു എന്നതാണ് സത്യം . ഉദാഹരണത്തിന് ഷോലെയുടെ കഥ. അവസാന പതിനഞ്ച് മിനിട്ട് ചേട്ടൻ, ചേട്ടന്റെ മനോധർമ്മമനുസരിച്ച് കഥ മാറ്റി പറഞ്ഞു. ചേട്ടൻ പറഞ്ഞ കഥയിൽ അമിതാഭ് ബച്ചൻ മരിക്കുന്നില്ല. വർഷങ്ങൾക്ക് ശേഷം ടി.വിയിൽ ഷോലെ കണ്ടപ്പോഴാണ് ചേട്ടൻ എന്നെപ്പറ്റിച്ചത് ഞാൻ മനസിലാക്കിയത്. അതിലും വലിയ ചതിയാണ് കലാനിലയത്തിന്റെ രക്തരക്ഷസ് നാടകത്തിന്റെ കഥ പറഞ്ഞപ്പോൾ ചേട്ടൻ എന്നോട് ചെയ്തത്. ഒന്നാമത് എനിക്ക് ഈ ഡ്രാക്കുള, രക്തരക്ഷസ് ഇതിനെയൊന്നും ഒട്ടും ഇഷ്ടമല്ല.. ……വൃത്തികെട്ട സാധനങ്ങൾ….. ചേട്ടന്റെ കഥയനുസരിച്ച് കേരള പോലീസ് രക്തരക്ഷസിനെ പ്രത്യേകമായി തയ്യാർ ചെയ്ത ഉണ്ട കൊണ്ട് വെടിവച്ച് കൊല്ലുന്നുണ്ട്. അത് കേട്ടപ്പോ എനിക്ക് സമാധാനമായി. അത് കൊണ്ടാണ് ഏറെക്കാലത്തിന് ശേഷം, കൊച്ചിയിൽ താമസിക്കുമ്പോൾ, പള്ളുരുത്തിയിൽ പോയി രക്തരക്ഷസ് നാടകം കാണുന്നുണ്ടോ? എന്നച്ഛൻ ചോദിച്ചപ്പോൾ 9 മണി ഷോക്ക് ഞാൻ ധൈര്യസമേതം ഒറ്റക്ക് പുറപ്പെട്ടത്. 12 മണിയടുപ്പിച്ച് നാടകം സമാപിക്കുമ്പോഴാണ് ചേട്ടൻ എന്നെപ്പറ്റിച്ചതാണ്, bloody രക്തരക്ഷസ് is still at large എന്ന ഞെട്ടിക്കുന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്. എങ്ങനെയാണ് പള്ളുരുത്തിയിൽ നിന്ന് ആ പാതിരാത്രി ഒറ്റക്ക് ഞാൻ കരുവേലിപ്പടി എത്തിയതെന്നത് എനിക്കോർമ്മയില്ല. ഞാനോടുകയായിരുന്നു. വഴിയിലെ ഓരോ ഇരുൾ വീണ മൂലയും, ആൾത്താമസമില്ലാത്ത വീടും, എന്നെ എത്തിപ്പിടിക്കാൻ വന്ന നീണ്ട നിഴലുകളും പിന്നെ കുറേക്കാലത്തേക്ക് എന്നെ വേട്ടയാടിയിരുന്നു.