വേനലോർമ്മകൾ…. ഒന്ന്

കുറേ, കുറേക്കാലം മുമ്പാണ്. 70 കളുടെ അവസാനം. കൊച്ചി വാസമൊക്കെ മതിയാക്കി ഞാൻ അരൂര് തേനാട്ട് വെളിയിലുള്ള ഞങ്ങളുടെ ശ്രീനിലയം എന്ന വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്‌. എന്നെ അരൂർ സെൻറ് അഗസ്റ്റിൻസ് എൽ.പി.സ്കൂളിൽ നാലാം ക്ലാസിൽ ചേർക്കുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു. അരൂര് അന്ന് യാതൊരു നാട്യങ്ങളുമില്ലാത്ത, നിർമ്മലയും, നിഷ്ക്കളങ്കയുമായ, ദാവണി ചുറ്റിയ ഒരു നാട്ടിൻ പുറത്തുകാരി പെൺകുട്ടിയായിരുന്നു. ഒച്ചയും, ബഹളവുമില്ല, പൊടി പടലങ്ങളില്ല, കത്തിക്കാളുന്ന വെയിലില്ല…. ഉള്ളത് നിഷ്ക്കളങ്കരായ, പച്ചപ്പാവങ്ങളായ കുറേ ഗ്രാമീണർ. കിഴക്കും, പടിഞ്ഞാറും കായൽ, വടക്കോട്ട് പോയാൽ കായലിനപ്പുറം പരിഷ്‌ക്കാരിയായ കൊച്ചിയുടെ ദ്വാരപാലിക, ഇടക്കൊച്ചി. തെക്കോട്ട് പോയാൽ ചന്തിരൂർ, എരമല്ലൂർ, കുത്തിയതോട്, തുറവൂർ, ചേർത്തല….

വേനലവധി തുടങ്ങിയാൽ അച്ഛന് SSLC മൂല്യനിർണയ ക്യാമ്പ് ഉണ്ടാകും. ചേട്ടൻ സൈനിക സ്ക്കൂളിൽ നിന്ന് മെയ് ആദ്യമേ വരൂ. അത് കൊണ്ട് തന്നെ അച്ഛൻ മൂല്യ നിർണയ ക്യാമ്പിന് പോയാൽ 7 വയസുകാരനായ എന്നെയും, 2 വയസുകാരനായ അനിയനെയും സംരക്ഷിക്കാൻ അമ്മ മാത്രമേ ഉണ്ടാകൂ. രാത്രികളിൽ ഉറങ്ങാതെ അമ്മ, ഉത്തരപേപ്പർ നോക്കിയും, പച്ചക്കറി നുറുക്കിയും അങ്ങനെയിരിക്കുന്നത് ഉറക്കം ഞെട്ടിയെഴുന്നേൽക്കുമ്പോൾ ഞാൻ കണ്ടിട്ടുണ്ട്. വിഷുവിനടുപ്പിച്ച് മൂല്യനിർണയം ആദ്യഘട്ടം പൂർത്തിയാക്കി അച്ഛനെത്തിയാൽ പിന്നെ തിരക്കാണ്. എടുപിടീന്ന് പച്ചക്കറികളും, പലവ്യഞ്ജനങ്ങളും, പടക്കങ്ങളും വാങ്ങണം. പൊട്ടുന്ന പടക്കങ്ങൾ, മാലപ്പടക്കം, ഓലപ്പടക്കം, ഗുണ്ട്, റോക്കറ്റ് ഇതൊന്നും അച്ഛൻ വാങ്ങില്ല. ഏറ് പടക്കം ഒഴിച്ച്. കാരണം പൊട്ടുന്ന പടക്കങ്ങൾ അച്ഛന് പേടിയായിരുന്നു. എനിക്കോർമ്മയില്ല, ചേട്ടൻ പറഞ്ഞുള്ള അറിവാണ്. ഒരിക്കൽ അച്ഛന് കുറേ മാലപ്പടക്കം കിട്ടി, ഒഴിവാക്കാൻ ആയില്ല. എന്ത് ചെയ്യും? അച്ഛൻ പടക്കം മതിലിൽ ചുറ്റിയിട്ടു. എന്നിട്ട് വീട്ടിൽ നിന്ന് കൊണ്ട് ഒരു നീളൻ കമ്പിന്റെ അറ്റത്ത് പഴന്തുണി ചുറ്റി ഉണ്ടാക്കിയ പന്തം ഉപയോഗിച്ച് പടക്കത്തിന് തീ കൊടുത്തു. അത്ര പേടിയായിരുന്നു അച്ഛന് പൊട്ടുന്ന പടക്കങ്ങൾ. അത് കൊണ്ട് കമ്പിത്തിരി, മത്താപ്പ്, പൂത്തിരി, ചക്രം, കുരവപ്പൂ, പൊട്ടാസ്, പാമ്പ് ഇങ്ങനെ താരതമ്യേന നിരുപദ്രവകരമായ പടക്കങ്ങളിലൊതുങ്ങി ഞങ്ങളുടെ വിഷു. ആ… പിന്നെ ഏറു പടക്കം… എനിക്കാ ലോജിക്ക് ഇന്നും മനസിലായിട്ടില്ല. പൊട്ടുന്ന പടക്കങ്ങളെ പേടിച്ചിരുന്ന അച്ഛൻ ഏറു പടക്കം വാങ്ങിച്ചിരുന്നതും, ആരോടോ ഉള്ള ദേഷ്യം തീർക്കും പോലെ സർവ ശക്തിയുമെടുത്ത് അത് എറിഞ്ഞ് പൊട്ടിച്ചിരുന്നതും.

പടക്കം കൊണ്ടു വന്നാൽ അത് വീതം വയ്ക്കുന്ന ചടങ്ങുണ്ട്. ചേട്ടൻ മെയ് മാസത്തിൽ മാത്രമേ വരൂ എന്നതിനാൽ വാങ്ങിയ പടക്കത്തിന്റെ നേർ പകുതി അച്ഛൻ ചേട്ടന് വേണ്ടി പൊതിഞ്ഞ് മാറ്റിവയ്ക്കും. മറ്റേപ്പകുതിയാണ് എന്റെയും, അനിയന്റേയും ആളോഹരി വീതം. അത് കത്തിക്കാൻ വിഷുപ്പുലരിവരെ അക്ഷമയോടെ ഞാനും, അനിയനും കാത്തിരിക്കും. പക്ഷേ ആ ക്ഷമയൊന്നും ചുറ്റുപാടുമുള്ള വീട്ടുകാർക്കുണ്ടാകില്ല. അവർ തലേന്നേ തുടങ്ങും. പ്രത്യേകിച്ച് ആശാരിവീട്ടുകാർ. അവർ വിഷുത്തലേന്ന് വൈകിട്ട് മുതൽ അർദ്ധരാത്രി വരെ ഓലപ്പടക്കം, മാലപ്പടക്കം, ഗുണ്ട്, റോക്കറ്റ് കത്തിച്ച് അക്ഷരാർത്ഥത്തിൽ ആഹ്ലാദിച്ചു വന്നിരുന്നു, ഇന്നത്തെക്കാലത്തെ ഭാഷയിൽ… അർമാദിച്ചിരുന്നു. അച്ഛനും, അമ്മയും അടച്ചിട്ട വാതിലുകൾക്കുള്ളിലിരുന്ന് ഔചിത്യ ബോധമില്ലാത്ത അയൽക്കാരെക്കുറിച്ചോർത്ത് പരിതപിച്ചു. അച്ഛനെ… അച്ഛന്റെ പടക്കപ്പേടി അയൽക്കാർക്കറിയാമായിരുന്നു….. കിട്ടിയ തക്കത്തിന് ഒന്ന് ട്രോളിയതാണോ ആശാരി വീട്ടുകാർ എന്ന് എനിക്ക് ഇന്നും സംശയമില്ലാതില്ല.

വിഷുവിന് വീതം കിട്ടിയ പടക്കം കത്തിച്ച് തീർത്ത്, സദ്യയുമുണ്ട് കഴിഞ്ഞാൽ പിന്നെയൊരു കാത്തിരിപ്പാണ്… ചേട്ടൻ വരാൻ. എന്നാലല്ലേ ബാക്കി പടക്കം വെളിച്ചം കാണൂ. ഇതിനിടയിൽ അച്ഛൻ മൂല്യനിർണയ ക്യാമ്പിൽ ദേ പോയി, ദാ വന്നിരിക്കും. ചേട്ടന്റെ ആദ്യകാല വരവുകൾ ഒക്കെ ട്രെയിനിന് ആയിരുന്നു. അച്ഛനും, ഞാനും കൂടെ എറണാകുളത്ത് സൗത്ത് സ്റ്റേഷനിൽ പോയി നിന്ന് ഒരു ഹീറോയെ ആനയിക്കുന്നത് പോലെ ചേട്ടനെക്കൂട്ടി കൊണ്ടുവന്നിരുന്നു. മെയ് ആദ്യം വീട്ടിൽ വന്നാൽ ചേട്ടൻ മടങ്ങിപ്പോവുക ജൂലൈ ആദ്യമാണ്. അത് വരെ വീടും പരിസരവും മൊത്തത്തിൽ ഒരു മാറ്റമാണ്. ഞാൻ എന്റെ കുട്ടിക്കാലത്ത് കണ്ടതിൽ ഏറ്റവും വലിയ വേന്ദ്രൻ, അതായത് വില്ലാദിവില്ലൻ ആയിരുന്നു എന്റെ ചേട്ടൻ. അടുത്ത നിമിഷം എന്ത് ചെയ്ത് കളയും എന്ന് പറയാൻ ആകാത്ത പ്രകൃതം. ആരെയും വകവയ്ക്കില്ല. ആരെയും പേടിയില്ല. ഒരിക്കൽ രാത്രി 2 മണിക്ക് ചേട്ടൻ കഴക്കൂട്ടത്ത് നിന്ന് തന്നെ വരികയാണ്. അന്ന് വീട്ടിൽ കാവൽ കിടന്നിരുന്ന ഒരു കില്ല പട്ടിയുണ്ടായിരുന്നു. അക്ഷരാർത്ഥത്തിൽ ഒരു അതിഥി. ആരോ അതിന്റെ ദേഹത്ത് ചൂട് വെള്ളം ഒഴിച്ച് പൊള്ളിച്ചു. വിശന്ന് വലഞ്ഞ് കയറി വന്ന അതിനെ അമ്മ ഭക്ഷണം നൽകി സംരക്ഷിച്ചു. അതോടെ ആരും പറയാതെ ഞങ്ങളുടെ പ്രൊട്ടക്ഷൻ ആ പട്ടി ഏറ്റെടുത്തു. കത്ത് നൽകാൻ വന്ന പോസ്റ്റ്മാനെ ഓടിച്ചിട്ട് കടിച്ചു. ഞങ്ങളുടെ കിണറ്റിൽ നിന്ന് വെള്ളമെടുത്തിരുന്ന അയൽക്കാരെ അങ്ങോട്ടടുപ്പിക്കാതായി. ഒരു ഭീകരജീവി. അതിന്റെ മുന്നിലാണ് തീർത്തും അപരിചിതനായ ചേട്ടൻ ഒരു ബാഗും തൂക്കി രാത്രി 2 മണിക്ക് പ്രത്യക്ഷപ്പെട്ടത്. തും കോൻ ഹോ എന്ന് കുരച്ചതേ പട്ടിക്ക് ഓർമ്മയുള്ളൂ. മെം ഇസ് ഘർ കാ നിവാസീ ഹും എന്ന് ചേട്ടൻ കയ്യിലിരുന്ന ബാഗ് ചുഴറ്റി പട്ടിയുടെ ദേഹത്ത് തന്നെ മറുപടി കൊടുത്തു. പിറ്റേന്ന് ഞങ്ങൾ നോക്കുമ്പോൾ, ഈ കിരീടം സിനിമയിൽ ലാലേട്ടന്റെ പുറകെ കൊച്ചിൻ ഹനീഫ നടക്കും പോലെ, ചേട്ടന്റെ പിന്നാലെ വാലുമാട്ടി നടക്കുകയാണ് കക്ഷി, ഞങ്ങളെക്കാണുമ്പോൾ മുരണ്ട് കൊണ്ട്…. ബ്ലഡീ ഗ്രാമവാസീസ്, നിന്നെയൊക്കെയാണല്ലോ ഇത്രയും കാലം ഞാൻ സേവിച്ചത്? കഷ്ടം എന്ന മട്ടിൽ. മുള്ള്, മുരട്, മൂർഖൻ പാമ്പും ചേട്ടൻ ശ്രീനിലയത്തിലുണ്ടെങ്കിൽ ഡീസൻറായേ പെരുമാറൂ.

ചേട്ടൻ വന്നാൽ തിരിച്ചു പോകുക ജൂലൈ ആദ്യമാണ്. അതിനിടയിൽ എനിക്ക് ആ വർഷം പഠിക്കാനുള്ളത് മൊത്തം എന്നെ പഠിപ്പിച്ചു തീർക്കും, ചുരുങ്ങിയത് ഒരു 4 മാതൃകാ പരീക്ഷയെങ്കിലും നടത്തുകയും ചെയ്യും. അത് പോലെ കഴിഞ്ഞ ടേമിൽ താൻ കണ്ട സിനിമകൾ, വായിച്ച പുസ്തകങ്ങൾ ഇതൊക്കെ പൊടിപ്പും തൊങ്ങലും വച്ച് വർണിച്ചു തരികയും ചെയ്യും. ഇതിനിടയിൽ ചേട്ടൻ ചെയ്തിരുന്ന ചില ഉഡായിപ്പുകൾ കണ്ടു പിടിക്കാൻ ഞാൻ വർഷങ്ങൾ എടുത്തു എന്നതാണ് സത്യം . ഉദാഹരണത്തിന് ഷോലെയുടെ കഥ. അവസാന പതിനഞ്ച് മിനിട്ട് ചേട്ടൻ, ചേട്ടന്റെ മനോധർമ്മമനുസരിച്ച് കഥ മാറ്റി പറഞ്ഞു. ചേട്ടൻ പറഞ്ഞ കഥയിൽ അമിതാഭ് ബച്ചൻ മരിക്കുന്നില്ല. വർഷങ്ങൾക്ക് ശേഷം ടി.വിയിൽ ഷോലെ കണ്ടപ്പോഴാണ് ചേട്ടൻ എന്നെപ്പറ്റിച്ചത് ഞാൻ മനസിലാക്കിയത്. അതിലും വലിയ ചതിയാണ് കലാനിലയത്തിന്റെ രക്തരക്ഷസ് നാടകത്തിന്റെ കഥ പറഞ്ഞപ്പോൾ ചേട്ടൻ എന്നോട് ചെയ്തത്. ഒന്നാമത് എനിക്ക് ഈ ഡ്രാക്കുള, രക്തരക്ഷസ് ഇതിനെയൊന്നും ഒട്ടും ഇഷ്ടമല്ല.. ……വൃത്തികെട്ട സാധനങ്ങൾ….. ചേട്ടന്റെ കഥയനുസരിച്ച് കേരള പോലീസ് രക്തരക്ഷസിനെ പ്രത്യേകമായി തയ്യാർ ചെയ്ത ഉണ്ട കൊണ്ട് വെടിവച്ച് കൊല്ലുന്നുണ്ട്. അത് കേട്ടപ്പോ എനിക്ക് സമാധാനമായി. അത് കൊണ്ടാണ് ഏറെക്കാലത്തിന് ശേഷം, കൊച്ചിയിൽ താമസിക്കുമ്പോൾ, പള്ളുരുത്തിയിൽ പോയി രക്തരക്ഷസ് നാടകം കാണുന്നുണ്ടോ? എന്നച്ഛൻ ചോദിച്ചപ്പോൾ 9 മണി ഷോക്ക് ഞാൻ ധൈര്യസമേതം ഒറ്റക്ക് പുറപ്പെട്ടത്. 12 മണിയടുപ്പിച്ച് നാടകം സമാപിക്കുമ്പോഴാണ് ചേട്ടൻ എന്നെപ്പറ്റിച്ചതാണ്, bloody രക്തരക്ഷസ് is still at large എന്ന ഞെട്ടിക്കുന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്. എങ്ങനെയാണ് പള്ളുരുത്തിയിൽ നിന്ന് ആ പാതിരാത്രി ഒറ്റക്ക് ഞാൻ കരുവേലിപ്പടി എത്തിയതെന്നത് എനിക്കോർമ്മയില്ല. ഞാനോടുകയായിരുന്നു. വഴിയിലെ ഓരോ ഇരുൾ വീണ മൂലയും, ആൾത്താമസമില്ലാത്ത വീടും, എന്നെ എത്തിപ്പിടിക്കാൻ വന്ന നീണ്ട നിഴലുകളും പിന്നെ കുറേക്കാലത്തേക്ക് എന്നെ വേട്ടയാടിയിരുന്നു.

ഒരു പിറന്നാൾ ആശംസ

ഇന്ന് നിധി ബാലചന്ദ്രന്റെ ജന്മദിനമാണ്. 45 വയസ്സ് എന്നാണ് മുഖപുസ്തകം ലോകത്തോട് വിളിച്ച് പറയുന്നത്. 1997ലാണ് എന്നാണ് ഓർമ്മ.. നിധി രാജേന്ദ്രൻ സാറിന്റെ ഓഫീസിൽ ചേരുന്നത്. കുട്ടികളുടേത് പോലുള്ള നിഷ്കളങ്കത ആണ് ആദ്യം ഞങ്ങളുടെ ശ്രദ്ധയാകർഷിച്ചത്. നിധി വളരെ ഫ്രാങ്ക് ആണ്.. ഒരു തുറന്ന പുസ്തകം. ആര് പറയുന്നതും വിശ്വസിക്കുമായിരുന്നു. ആത്മാർത്ഥത ഇത്തിരി കൂടുതൽ എന്ന് തന്നെ പറയണം. കുട്ടിക്കളികളും വിട്ടുമാറിയിരുന്നില്ല. സുധീന്ദ്രനോട് വളരെ പെട്ടന്ന് ഒട്ടിച്ചേർന്നു. ഇഷ്ടമായാൽ ചങ്ക് പറിച്ചുതരുന്ന സ്വഭാവം. അത്യാവശ്യം സാഹസികത കൈമുതലായിരുന്നു. 2000 ജനുവരി 26 ന് എന്നെ കരുവേലിപ്പടിയിലെ വീട്ടിൽ നിന്ന് ഹരിപ്പാട് രാജേന്ദ്രൻ സാറിന്റെ വീടു വരെയും തിരികെയും ബൈക്കിൽ കൊണ്ടുപോയത് ഇപ്പോഴും ഒരു തരിപ്പോടെയേ ഓർക്കാനാവൂ. തിരികെ വരുമ്പോൾ ആലപ്പുഴ വച്ച് ഒരു പാണ്ടി ലോറിയുടെ അടിയിൽ നിന്ന് രക്ഷപ്പെട്ടത് നിധിയുടെ മന:സാന്നിദ്ധ്യം കൊണ്ട് മാത്രമാണ്.

നിധിയുടെ മറ്റൊരു പ്രത്യേകത തന്റെ പരിമിതികൾ അവന് നന്നായറിയാം എന്നതാണ്. അത് തുറന്ന് സമ്മതിക്കാൻ ഒരു മടിയുമില്ല എന്നത് നിധിയെ വ്യത്യസ്തനാക്കുന്നു. ഈയൊരു ഗുണത്തെപ്പറ്റി രേഖ പലപ്പോഴും എന്നോട് പറഞ്ഞിട്ടുള്ളതുമാണ്. സത്യസന്ധമായ സമീപനം സുഹൃത്തുക്കളോട് ഉള്ളത് കൊണ്ട് തന്നെ നിധിക്ക് ഒരു വലിയ സുഹൃത്ത് വലയം ഉണ്ട്. നിധിയെ പലരും തിരിച്ചറിയുന്ന ഒരു ഘടകം അവന്റെ ഒച്ചയാണ്. ഞാൻ കണ്ടു തുടങ്ങിയത് മുതൽ ആവശ്യപ്പെടുന്നതും അവന് ഇന്ന് വരെ കഴിയാത്തതുമായ ഒരു കാര്യം പതുക്കെ സംസാരിക്കുക എന്നതാണ്.

എന്റെ അച്ഛൻ നിധിയുടെ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. നിധിയെപ്പറ്റി അച്ഛൻ പറഞ്ഞ ഒരു സംഭവം ഉണ്ട്. ഒരിക്കൽ സ്ക്കൂളിൽ വച്ച് ക്രിക്കറ്റ് കളിക്കുമ്പോൾ ബോൾ ദേഹത്ത് കൊണ്ട് നിധിക്ക് ബോധക്ഷയമുണ്ടായി. ആവശ്യമായ ശുശ്രൂഷ നൽകിയ ശേഷം നിധിയെ വിശ്രമിക്കാൻ വീട്ടിൽ അയച്ചു. വിവരമറിഞ്ഞ് ഓടിയെത്തിയ നിധിയുടെ അമ്മ കാണുന്നതോ… അടുത്ത കളിക്ക് വീട്ട് മുറ്റത്ത് സ്റ്റംപ് ഉറപ്പിക്കുന്ന മകനെ…

ജന്മദിനാശംസകൾ പ്രിയ നിധി ബാലചന്ദ്രൻ

2019 എനിക്ക് സമ്മാനിച്ചത്

ഞങ്ങളുടെ കൊച്ച് സി.എ.ടിയിൽ നിന്ന് ഹരിരാജിന് ഒരു കൊല്ലത്തേക്ക് ഇമ്മിണി വല്ല്യ ഹൈക്കോടതിയിലേക്ക് ഡെപ്യൂട്ടേഷൻ അനുവദിച്ചു കൊണ്ടാണ് 2019 അവസാനിച്ചത്. എനിക്ക് 2019ന്റെ അവസാനം പക്ഷേ അത്ര സന്തോഷകരമായിരുന്നില്ല. ഒന്നാമത് ലക്ഷദ്വീപിൽ വച്ച് ഒരു കാരണവുമില്ലാതെ ഒന്ന് വെള്ളത്തിൽ വീണു. മൊബൈൽ ഫോൺ കേടായി. അതിലും സങ്കടം കൂടെ വന്ന രണ്ടെണ്ണം പൊത്തോന്നുള്ള എന്റെ വീഴ്ച ലൈവായി കൺകുളിർക്കെ കണ്ടല്ലോ എന്നതാണ്. നനഞ്ഞ് കുതിർന്ന് ഇതികർത്തവ്യതാമൂഢനായി ഞാനിരിക്കുമ്പോഴും അവർക്ക് സങ്കടം ആ വീഴ്ച ഒന്ന് വീഡിയോയിൽ പകർത്താനായില്ലല്ലോ എന്നതായിരുന്നു.

അതിലും കഷ്ടമായിരുന്നു തിരുപ്പതി ദർശനം കഴിഞ്ഞ് തിരിച്ച് പാറ്റ്ന എക്സ്പ്രസിൽ എറണാകുളത്തേക്ക് ഡിസംബർ 26 ന് നടത്തിയ യാത്ര. റിസർവ്ഡ്- അൺ റിസർവ്ഡ് വ്യത്യാസമില്ലാതെ ബോഗികളിൽ കുത്തി നിറഞ്ഞ അന്യസംസ്ഥാന തൊഴിലാളികൾ, ഒരു തരത്തിൽ അവരെ എഴുന്നേൽപ്പിച്ച് സീറ്റും ബർത്തും തിരിച്ച് പിടിച്ചിട്ടും പോകാതെ ഒട്ടിനിന്നു. ബോഗിയിൽ നിറഞ്ഞു നിന്ന മനംപുരട്ടുന്ന ഗന്ധം ഇപ്പോഴും നാസാരന്ധ്രങ്ങളിൽ നിന്ന് വിട്ടകന്നിട്ടില്ല. ഉപയോഗിക്കാൻ കൊള്ളാതാക്കിയ ശുചിമുറികൾ, തുപ്പൽ കോളാമ്പി എന്ന് തോന്നിച്ച ബോഗികളിലെ നിലം, നിരന്തരം നിരോധിത പുകയില ഉൽപ്പന്നങ്ങൾ ചവച്ചു കൊണ്ടിരിക്കുന്ന ആളുകൾ, ദൈന്യതയുടെ ആൾരൂപമായ വനിതാ ടി.ടി.ഇ…. പാറ്റ്ന എക്സ്പ്രസിലെ കാഴ്ചകൾ അനവധിയാണ്. ഇടക്ക് ഒരു തമിഴ് ട്രാൻസ് ജൻഡർ കയറി ഭീഷണിപ്പെടുത്തി പണം പിരിക്കുന്നുണ്ടായിരുന്നു. ഉറക്കം നടിച്ചു കിടന്ന എന്നെ എന്തോ ഭാഗ്യത്തിന് വെറുതെ വിട്ടു. 26 ന് ഉച്ചക്ക് 1 ന് തിരുപ്പതിയിൽ നിന്നാരംഭിച്ച നരകയാത്ര അവസാനിച്ചത് രാത്രി 2.30ക്ക്.

2020 എല്ലാവർക്കും നല്ല വർഷമാകട്ടെ എന്നാശംസിക്കുന്നു.

സംസ്ഥാന യുവജനോത്സവ ഓർമ്മകൾ

കാഞ്ഞങ്ങാട് വച്ച് സംസ്ഥാന യുവജനോത്സവം അതിഗംഭീരമായി നടന്നു വരികയാണല്ലോ? 14 റവന്യു ജില്ലകളിൽ നിന്ന് 293 ഇനങ്ങളിലായി പതിനായിരക്കണക്കിന് മിടുക്കൻമാരും, മിടുക്കികളും മാറ്റുരക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവം. ഏറെ ഗൃഹാതുരത്വമുണർത്തുന്ന ഒന്നാണ് എനിക്ക് ഓരോ വർഷത്തെയും സംസ്ഥാന യുവജനോത്സവം. എന്റെ സ്ക്കൂൾ ജീവിതത്തിനിടയിൽ 2 തവണ ഈശ്വരകൃപയാൽ ഈ കലാ മാമാങ്കത്തിൽ പങ്കാളിയാകാൻ അവസരം ലഭിച്ചിരുന്നു. 1984 ൽ കോട്ടയത്ത് വച്ച് നടന്ന 24ാമത് സംസ്ഥാന യുവജനോത്സവത്തിലും, 1986 ൽ തൃശൂർ വച്ച് നടന്ന 26ാമത് സംസ്ഥാന യുവജനോത്സവത്തിലും.

അന്നൊക്കെ അതാത് വിദ്യാഭ്യാസ ജില്ലകളിൽ ഒന്നാമതെത്തുന്നവരാണ് സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുത്തിരുന്നത്. അതായത് 31 പേർ. ഇന്നത്തെപ്പോലെ അന്ന് അപ്പീലുകളുമായി മത്സരത്തിനെത്തുന്ന പ്രവണത തീരെ ഇല്ലായിരുന്നു എന്ന് തന്നെ പറയണം. സ്വർണക്കപ്പ്‌, കലാ പ്രതിഭ, കലാതിലകം എന്നിവ നടപ്പിലാക്കിയ 1986 സംസ്ഥാന യുവജനോത്സവം മുതലാണ് കൗമാര കേരളത്തിന്റെ കലാമാമാങ്കത്തിൽ കല്ലുകടി തുടങ്ങിയത്.

1984 ലെ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുക്കുന്നതിനായി കോട്ടയത്തേക്ക് പോകാൻ ഞങ്ങളെല്ലാം ആലപ്പുഴയിലെ ഒരു കോൺവെന്റ് സ്ക്കൂളിൽ…സെന്റ് ജോസഫ്സ് ആണെന്ന് തോന്നുന്നു….. ഒത്തു കൂടിയത് ഞാൻ ഓർക്കുന്നു. ഞാനന്ന് 8ലാണ്. എന്റെ കൂടെ അച്ഛൻ ഉണ്ടായിരുന്നു. പൊതുവായി കാര്യങ്ങൾ വിശദീകരിച്ച ശേഷം അദ്ധ്യാപകർ ഞങ്ങളെയെല്ലാം ബോട്ട് ജട്ടിയിലേക്ക് കൊണ്ട് പോയി. അന്ന് പെൺകുട്ടികളുടെ വിഭാഗം പ്രസംഗ മത്സരത്തിന് ആലപ്പുഴയെ പ്രതിനിധീകരിച്ചിരുന്നത് പിന്നീട് കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൻ ആയി തിരഞ്ഞെടുക്കപ്പെട്ട ബിച്ചു എക്സ് മലയിൽ ആയിരുന്നു. ആൺകുട്ടികളുടെ വിഭാഗത്തിൽ ഞാനും.

ബോട്ട് ജട്ടിയിൽ നിന്ന് പ്രത്യേകം റിസർവ് ചെയ്ത ബോട്ടിൽ കാഴ്ചകൾ കണ്ട് കൊണ്ട് കോട്ടയത്തേക്കുള്ള ആ യാത്ര അവിസ്മരണീയമായിരുന്നു. ഞാൻ ഓർക്കുന്നു, ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ചിത്രകലാ അദ്ധ്യാപകൻ ഇതിനിടയിൽ വിവിധ ദൃശ്യങ്ങൾ കാണിച്ച് അവ എങ്ങനെ ചിത്രീകരിക്കണമെന്ന് ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥീ വിദ്യാർത്ഥിനികൾക്ക് പറഞ്ഞ് കൊടുത്ത് കൊണ്ടിരുന്നത്.

കോട്ടയത്തെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കി ആലപ്പുഴ ടീമിന്റെ ക്യാമ്പിൽ കഴിയുന്നവർ അങ്ങോട്ടേക്ക് പോയി. എനിക്ക് നാലാം ദിവസം മാത്രമാണ് മത്സരമെന്നതിനാൽ ഞാനും അച്ഛനും കടുത്തുരുത്തിയിലെ തറവാട്ടിലേക്ക് യാത്രയായി. അതിനിടയിൽ വർണശബളമായ ഘോഷയാത്ര ആരംഭിച്ചിരുന്നതിനാൽ ഏറെ പണിപ്പെട്ട്, രാത്രി വൈകിയാണ് ഞങ്ങൾ കടുത്തുരുത്തി എത്തിയത്.

നാലാം ദിവസം. നേരത്തേ തന്നെ മത്സരവേദിയിൽ എത്തി. എന്നെപ്പോലെ 30 പേർ. എല്ലാവരുടെയും മുഖത്തും, മനസിലും ടെൻഷൻ. തെറ്റി, ഒരാളുടെ ഒഴികെ. തലേക്കൊല്ലത്തെ ഒന്നാം സ്ഥാനക്കാരനായ, അക്കൊല്ലം അഖില കേരള ബാലജന സഖ്യത്തിന്റെ പി.സി.അലക്സാണ്ടർ എൻഡോവ്മെന്റ് പ്രസംഗ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമനായ തിരുവല്ല എം.ജി.എം ഹൈസ്ക്കൂളിലെ പത്താം ക്ലാസുകാരൻ ആർ. സുരേഷ് കുമാർ ആയിരുന്നു അത്. ഞങ്ങളെയെല്ലാം ദൂരെ ഒരു ഹാളിൽ കൊണ്ടു പോയി ഇരുത്തി. ഓരോരുത്തരെയായി വിളിച്ച് വിഷയം നൽകാൻ കൊണ്ടുപോയി. ഒടുവിൽ എന്റെ ഊഴം വന്നു.

“ഭാരതത്തിന്റെ അഖണ്ഡത നേരിടുന്ന വെല്ലുവിളികൾ”… വിഷയം കണ്ടതും അതിന് മുമ്പൊരിക്കലും തോന്നാത്ത ചിന്തകളാണ് എന്റെ മനസിലേക്ക് വന്നത്. ഇതാ, അവസാനത്തെ കടമ്പക്ക് മുന്നിൽ ഞാൻ നിൽക്കുന്നു. അഞ്ച് മിനിട്ട്, അഞ്ചേയഞ്ച് മിനിട്ട്… അത് ശരിയായാൽ… ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ അനാവശ്യമായി, അസ്ഥാനത്ത് കടന്ന് വന്ന ഫലേച്ഛയെ ഞാൻ പഴിക്കുന്നു. അന്ന് ശാന്തമായി, പക്വമായി ഞാൻ ചിന്തിച്ചിരുന്നെങ്കിൽ

വേദിയിലെത്തിയപ്പോൾ വിധികർത്താക്കൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം. ജേക്കബും. പിന്നീടാണറിഞ്ഞത് അദ്ദേഹം പണ്ട് കോതമംഗലം വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന യുവജനോത്സവത്തിൽ പ്രസംഗ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട് എന്ന്. വിധികർത്താക്കളിൽ ശ്രീ. ചിത്രൻ നമ്പൂതിരിപ്പാട് ഉണ്ടായിരുന്നതായി ഞാൻ ഓർക്കുന്നു. പതിനെട്ടാമതോ മറ്റോ ആണ് ഞാൻ പ്രസംഗിച്ചത്. റിസൽട്ട് പിറ്റേന്നേ വരൂ എന്ന് അറിഞ്ഞത് കൊണ്ട് ഞങ്ങൾ തിരികെ കടുത്തുരുത്തിക്ക് പോയി. പിറ്റേന്ന്… ഇന്നും ഞാൻ ഓർക്കുന്നു…. മുഖ്യ വേദിയിൽ നിന്നുയർന്ന അനൗൺസ്മെന്റ്.. “ആൺ കുട്ടികളുടെ പ്രസംഗ മത്സരം… ഫസ്റ്റ് പ്രൈസ് വിത്ത് ഏ ഗ്രേഡ്..ആർ.സുരേഷ് കുമാർ, എം.ജി.എം ഹൈസ്ക്കൂൾ തിരുവല്ല, സെക്കന്റ് പ്രൈസ് വിത്ത് ഏ ഗ്രേഡ്..ആർ.ശ്രീരാജ്, സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ, അരൂർ”…. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടിയ നിമിഷങ്ങൾ. വൈകിട്ട് വിദ്യാഭ്യാസ മന്ത്രിയുടെ കൈയിൽ നിന്ന് സർട്ടിഫിക്കറ്റും ട്രോഫിയും ഏറ്റ് വാങ്ങി. പാതിരാത്രി വീട്ടിലെത്തി ഗേറ്റിൽ മുട്ടി, ഗേറ്റ് തുറക്കാൻ അമ്മ വരുമ്പോൾ അച്ഛൻ അഭിമാനത്തോടെ പറഞ്ഞത് ഞാൻ ഓർക്കുന്നു…. “അവൻ ജയിച്ചു”.

നേരം വെളുക്കും മുമ്പേ മംഗളം കലാ സാഹിത്യ വേദിയുടെ കലോത്സവത്തിൽ പങ്കെടുക്കാൻ ആലപ്പുഴക്ക്. അവിടെ ചെന്ന് പേപ്പറുകൾ വാങ്ങി… എല്ലാത്തിലും വാർത്തയുണ്ട്. രാത്രി വൈകി വീട്ടിലെത്തുമ്പോൾ അന്ന് തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചിരുന്ന ചേട്ടനുണ്ട് കിടന്നുറങ്ങുന്നു. അച്ഛൻ അമ്മയോട് പറഞ്ഞു… “ഞാനവനോട് പറഞ്ഞതല്ലേ എപ്പോഴും ഇങ്ങോട്ട് ഓടി വരേണ്ടന്ന്”. അമ്മയുടെ മറുപടി…” ഉണ്ണിക്ക് സമ്മാനം കിട്ടുമ്പോൾ ഞാൻ വരണ്ടേന്ന് അവൻ ചോദിച്ചു”. പിറ്റേന്ന് മാതൃഭൂമി പത്രത്തിൽ എന്റെ പടം ആദ്യം കണ്ടതും ചേട്ടനാണ്. രസമതല്ല, എന്നെ തോൽപ്പിച്ച സുരേഷ് കുമാർ പിന്നീട് മദ്രാസ് 1IT യിൽ Btch ന് ചേട്ടന്റെ ജൂനിയറായിരുന്നു, സന്ദർഭവശാൽ അന്നത്തെ മത്സരത്തെക്കുറിച്ച് അവർ സംസാരിക്കുകയും ചെയ്തു.

അന്ന് ആ യുവജനോത്സവ വേദിയിലെ മറ്റ് ചില വിജയികൾ ആരൊക്കെയായിരുന്നു എന്നോ? ചലച്ചിത്ര നടൻ വിനീത്, തൃപ്പൂണിത്തുറ മുൻ ചെയർപേഴ്സൺ രഞ്ജിനി, ശാസ്ത്രീയ സംഗീത വിദ്വാൻ ശങ്കരൻ നമ്പൂതിരി, നാദസ്വര വിദ്വാൻ മുരുകദാസ്, മൃദംഗ വിദ്വാൻ അനന്തകൃഷ്ണൻ.. വിധികർത്താക്കളായി ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോൻ , ശ്രീ. ചെമ്മനം ചാക്കോ, ശ്രീ.എം.പി.മന്മഥൻ, ശ്രീ. ജോസഫ് കൈമാപ്പറമ്പൻ, ശ്രീ. കെ.കെ. തോമസ്, ശ്രീ. കോട്ടയം പുഷ്പ നാഥ്….

35 കൊല്ലങ്ങൾക്കിപ്പുറവും കോട്ടയത്തെ ആ യുവജനോത്സവം എന്നെ ആവേശഭരിതനാക്കുന്നു. കാഞ്ഞങ്ങാട് പ്രതിഭയുടെ മാറ്റുരയ്ക്കുന്ന കൊച്ച് കൂട്ടുകാർക്ക് എല്ലാ ആശംസകളും

പ്രസംഗകല.. അനുഭവ പാഠങ്ങൾ 2

മുന്നൊരുക്കം

ആദ്യമായി പ്രസംഗ മത്സരത്തിൽ പങ്കെടുക്കുമ്പോൾ പ്രസംഗകലയെക്കുറിച്ച് ഒരു ധാരണയും എനിക്ക് ഉണ്ടായിരുന്നില്ല. 74 മുതൽ 79 വരെയുള്ള കൊച്ചി വാസം എന്നെ എന്തും ഏതും വായിക്കുന്ന സ്വഭാവക്കാരനായി മാറ്റിയത് കൊണ്ട് സത്യത്തിൽ 5 മിനിറ്റ് മുമ്പ് “ബോധനമാദ്ധ്യമം മലയാളമോ, ഇംഗ്ലീഷോ” എന്ന വിഷയം കിട്ടിയപ്പോൾ ഒരു പരിഭ്രമവും എനിക്ക് തോന്നിയില്ല എന്നത് വാസ്തവം. പക്ഷേ അത് പോരല്ലോ? അച്ഛൻ എനിക്ക് പ്രൊഫ. ഹരീന്ദ്രനാഥക്കുറുപ്പിന്റെ ‘നിങ്ങൾക്കും പ്രസംഗകനാകാം’ എന്ന പുസ്തകത്തിന്റെ ജൂനിയർ, സീനിയർ പതിപ്പുകൾ വാങ്ങിത്തന്നു. വിവിധ വിഷയങ്ങളിൽ തയ്യാറാക്കപ്പെട്ട പ്രസംഗങ്ങളുടെ സമാഹാരങ്ങളായിരുന്നു അവ.

ഞാനാ പുസ്തകങ്ങൾ വായിച്ചു നോക്കി. പക്ഷേ അവ അതേപടി പഠിച്ചവതരിപ്പിക്കുന്നതിൽ കാര്യമില്ല എന്നെനിക്കു തോന്നി. പകരം എന്റെ വായന വിപുലീകരിക്കുന്നതിനും, വിവിധ വിഷയങ്ങളിൽ നോട്ട്സ് കുറിച്ചു വയ്ക്കുന്നതിനും ഞാൻ ശ്രദ്ധിച്ചു. നോട്ട്സ് യഥാവസരത്തിൽ പുതുക്കുന്നതിനും ഞാൻ മറന്നില്ല. ഇതൊക്കെ കൊണ്ടു തന്നെ തൽക്ഷണ പ്രസംഗത്തിൽ സജീവമായിരുന്ന കാലത്ത് എനിക്ക് ബുദ്ധിമുട്ടുകൾ ഒന്നും തോന്നിയിരുന്നില്ല.

എന്റെ അഭിപ്രായത്തിൽ പ്രസംഗ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ ആദ്യമായി ചെയ്യേണ്ടത് തങ്ങളുടെ വായനാശീലം വർദ്ധിപ്പിക്കുക എന്നതാണ്. പത്രങ്ങൾ, പുസ്തകങ്ങൾ, വാരികകൾ…. കൈയിൽ കിട്ടുന്നതെന്തും, ത്യാജ്യ ഗ്രാഹ്യ വിവേചനബുദ്ധിയോടെ, വായിക്കുക. വായിച്ചതിൽ കൊള്ളാമെന്ന് തോന്നുന്നതെന്തും…. കവിതാ ശകലമോ, കഥയിലെ വരിയോ, ലേഖനത്തിലെ ഉള്ളടക്കമോ എന്തും… ഒരു പുസ്തകത്തിൽ ഭാവിയിൽ ഉപയോഗപ്പെടേണ്ടതിലേക്ക് കുറിച്ചിടുക. മാദ്ധ്യമങ്ങളിലെ ചർച്ചകൾ നല്ലവ തെരഞ്ഞെടുത്തു കാണുക. പ്രസക്തമെന്ന് തോന്നുന്ന വിഷയങ്ങൾ തെരഞ്ഞെടുത്ത് സ്വയം വിശകലനം ചെയ്യുക. മുതിർന്നവരോട് ചർച്ച ചെയ്ത് സ്വന്തം വിശകലനങ്ങളിലെ പോരായ്മകൾ തിരുത്തുക. നല്ല പ്രസംഗങ്ങൾ, സാനു മാഷിനെ പോലെയുള്ളവരുടെ, തേടിപ്പിടിച്ചു കേൾക്കുക. ഇത്രയുമെങ്കിലും ചെയ്താൽ പ്രസംഗ മത്സരങ്ങൾക്കായുള്ള ശരിയായ മുന്നൊരുക്കമായി എന്നുറപ്പിക്കാം. മറ്റുള്ളവർ എഴുതിയ പ്രസംഗങ്ങൾ കാണാതെ പഠിക്കുക മാത്രം ചെയ്താൽ, ഒരിക്കലും നിങ്ങൾ ഒരു നിലവാരമുള്ള പ്രസംഗകൻ ആകാൻ പോകുന്നില്ല എന്നാണ് എന്റെ അഭിപ്രായം.

ഇത്രയും മുന്നൊരുക്കത്തെപ്പറ്റി. 5 മിനിറ്റ് നേരത്തെ ഒരു തൽക്ഷണ പ്രസംഗത്തിന് 10 നിർണായകമായ മിനിറ്റുകൾ ഇനിയുമുണ്ട്. വിഷയം കിട്ടിയ ശേഷമുള്ള 5 മിനിറ്റും, പ്രസംഗത്തിന് അനുവദിച്ചിട്ടുള്ള 5 മിനിറ്റും. ഈ 10 മിനിറ്റ് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ എന്റെ കാഴ്ചപ്പാട് അടുത്ത തവണ

പ്രസംഗകല…. അനുഭവ പാഠങ്ങൾ

ആമുഖം

സ്ക്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഏറ്റവും ഭയന്നിരുന്നത് മൂന്ന് ക്ലാസുകളാണ്. ഡ്രിൽ, ഡ്രോയിംഗ്, മ്യൂസിക്. ഇത് മൂന്നിലും ഒരഭിരുചിയും എനിക്കുണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഏറ്റവും മോശം വിദ്യാർത്ഥിയും ആയിരുന്നു ഞാൻ. അത് കാരണം അദ്ധ്യാപകരുടെയും, സഹപാഠികളുടെയും പരിഹാസത്തിനും കടുത്ത അവജ്ഞയ്ക്കും ഞാൻ നിരന്തരം പാത്രീഭവിച്ചിരുന്നു. ഡ്രിൽ പീരീഡിൽ ഞങ്ങളുടെ അദ്ധ്യാപകൻ….. അദ്ദേഹം ഒരു എക്സ് സർവീസ് മാൻ കൂടിയായിരുന്നു….. കടുത്ത വ്യായാമമുറകൾ ചെയ്യാനാകാതെ വലയുന്ന എന്നെ ‘ ഇളകട്ടടാ നിന്റെ പിത്തം’ എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. സമാന അനുഭവങ്ങളായിരുന്നു ഡ്രോയിംഗ് ക്ലാസിലും, മ്യൂസിക് ക്ലാസിലും. സാധാരണ ഒന്നിലും കോപിക്കാത്ത, റിട്ടയേർഡ് ഡ്രോയിംഗ് അദ്ധ്യാപകൻ ആയിരുന്ന, എന്റെ അപ്പൂപ്പൻ എന്റെ വരകളുടെ അഭംഗി കണ്ട് എന്നോട് ദേഷ്യപ്പെട്ടത് ഞാൻ ഓർക്കുന്നു.

ആറിൽ പഠിക്കുമ്പോൾ സ്ക്കൂളിൽ പതിവ് പോലെ യുവജനോത്സവ മത്സരങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. 5 ൽ എന്റെ മലയാളം അദ്ധ്യാപികയായിരുന്ന ഭാരതിയമ്മ ടീച്ചറും, 6 ലെ എന്റെ ക്ലാസ് ടീച്ചറും, മലയാളം അദ്ധ്യാപകനുമായിരുന്ന ചാണ്ടപ്പിള്ള സാറും പ്രസംഗ മത്സരത്തിന് പേര് കൊടുക്കാൻ എന്നെ നിർബന്ധിച്ചു. അങ്ങനെ മടിച്ച്, മടിച്ച് ഞാൻ പ്രസംഗത്തിനും, പദ്യപാരായണത്തിനും പേര് നൽകി. 5 മുതൽ 10 വരെ ക്ലാസിലെ വിദ്യാർത്ഥികൾ മാറ്റുരച്ച പ്രസംഗ മത്സരത്തിൽ ഞാൻ ഒന്നാം സ്ഥാനവും, പദ്യപാരായണത്തിൽ രണ്ടാം സ്ഥാനവും നേടി. എന്റെ വിദ്യാർത്ഥി ജീവിതത്തെ മാറ്റിമറിച്ച സംഭവമായിരുന്നു അത്. അദ്ധ്യാപകർ കൂടുതൽ ഗൗരവത്തോടെ എന്നെ കാണാൻ തുടങ്ങി. ഹിന്ദി അദ്ധ്യാപകനും, സാഹിത്യകാരനുമായിരുന്ന പ്രഭാകരൻ സാർ എനിക്ക് വായിക്കാൻ പുസ്തകങ്ങൾ തന്നു. ശ്രീ. സി.എൻ.ശ്രീകണ്ഠൻ നായരുടെ സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത, അത് പോലെ ശ്രീ. വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ഒക്കെ ഞാൻ വായിച്ചത് അങ്ങനെയാണ്. അക്കൊല്ലം ജില്ലാ യുവജനോത്സവത്തിൽ എന്റെ സ്ക്കൂളിന് കിട്ടിയ ഒരേയൊരു പോയിന്റ് പ്രസംഗത്തിന് എനിക്ക് കിട്ടിയതായിരുന്നു.

അടുത്ത കൊല്ലം, അതായത് 7 ൽ പഠിക്കുമ്പോൾ ഞാൻ പ്രസംഗത്തിന് ജില്ലയിൽ മൂന്നാം സ്ഥാനം നേടി. 8 ൽ എത്തിയപ്പോൾ ജില്ലയിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടി. 1984 ഫെബ്രുവരി മാസം കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത എനിക്ക് ആൺകുട്ടികളുടെ പ്രസംഗ മത്സരത്തിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം ലഭിച്ചു. എന്റെ സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ സംസ്ഥാന യുവജനോത്സവ സമ്മാനം. 1986 ൽ വീണ്ടും തൃശൂർ വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിലും എനിക്ക് രണ്ടാംസ്ഥാനം ലഭിച്ചു. എന്റെ അവസാന അവസരമായിരുന്നു അത്. സംസ്ഥാന തലത്തിൽ ഒരിക്കൽപ്പോലും ഒന്നാമതെത്താൻ കഴിഞ്ഞില്ലല്ലോ എന്ന ദു:ഖം എന്നെ പിന്തുടർന്നു കൊണ്ടേയിരുന്നു…. 2014 വരെ. അക്കൊല്ലം തിരൂർ വച്ച് നടന്ന CBSE മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന കലോത്സവത്തിൽ എന്റെ മകൻ നിഖിൽ ശ്രീരാജ് 5 മുതൽ 7 വരെയുള്ള ക്ലാസുകളുടെ കാറ്റഗറിയിൽ ഇംഗ്ലീഷ് പ്രസംഗത്തിന് ഒന്നാം സ്ഥാനം നേടുന്നത് വരെ.

എന്റെ ഡ്രിൽ, ഡ്രോയിംഗ്, മ്യൂസിക് അദ്ധ്യാപകർ എന്നല്ല, സ്കൂളിലെ മുഴുവൻ അദ്ധ്യാപകരുടെയും നിർലോഭമായ പിന്തുണ പ്രസംഗ മത്സരത്തിന്റെ കാര്യത്തിൽ എനിക്ക് കിട്ടിയിരുന്നു. ഭയന്നിരുന്ന ക്ലാസുകൾ, അദ്ധ്യാപകർ അവർ പിന്നെപ്പിന്നെ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. ഞാൻ അഭിഭാഷകനായ ശേഷം യാദൃച്ഛികമായി എന്റെ ഡ്രിൽ മാഷ് സർവീസ് കേസുമായി രാജേന്ദ്രൻ സാറിന്റെ ഓഫീസിലെത്തിയത് മറക്കാനാവാത്ത ഓർമ്മയാണ്. സ്ക്കൂളും, സഹപാഠികളും, അദ്ധ്യാപകരും… പകരം വയ്ക്കാനാവാത്ത ഓർമ്മയാണ്, കാലമാണത്.