ആമുഖം
സ്ക്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഏറ്റവും ഭയന്നിരുന്നത് മൂന്ന് ക്ലാസുകളാണ്. ഡ്രിൽ, ഡ്രോയിംഗ്, മ്യൂസിക്. ഇത് മൂന്നിലും ഒരഭിരുചിയും എനിക്കുണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഏറ്റവും മോശം വിദ്യാർത്ഥിയും ആയിരുന്നു ഞാൻ. അത് കാരണം അദ്ധ്യാപകരുടെയും, സഹപാഠികളുടെയും പരിഹാസത്തിനും കടുത്ത അവജ്ഞയ്ക്കും ഞാൻ നിരന്തരം പാത്രീഭവിച്ചിരുന്നു. ഡ്രിൽ പീരീഡിൽ ഞങ്ങളുടെ അദ്ധ്യാപകൻ….. അദ്ദേഹം ഒരു എക്സ് സർവീസ് മാൻ കൂടിയായിരുന്നു….. കടുത്ത വ്യായാമമുറകൾ ചെയ്യാനാകാതെ വലയുന്ന എന്നെ ‘ ഇളകട്ടടാ നിന്റെ പിത്തം’ എന്ന് പറഞ്ഞ് കളിയാക്കുമായിരുന്നു. സമാന അനുഭവങ്ങളായിരുന്നു ഡ്രോയിംഗ് ക്ലാസിലും, മ്യൂസിക് ക്ലാസിലും. സാധാരണ ഒന്നിലും കോപിക്കാത്ത, റിട്ടയേർഡ് ഡ്രോയിംഗ് അദ്ധ്യാപകൻ ആയിരുന്ന, എന്റെ അപ്പൂപ്പൻ എന്റെ വരകളുടെ അഭംഗി കണ്ട് എന്നോട് ദേഷ്യപ്പെട്ടത് ഞാൻ ഓർക്കുന്നു.
ആറിൽ പഠിക്കുമ്പോൾ സ്ക്കൂളിൽ പതിവ് പോലെ യുവജനോത്സവ മത്സരങ്ങൾ പ്രഖ്യാപിക്കപ്പെട്ടു. 5 ൽ എന്റെ മലയാളം അദ്ധ്യാപികയായിരുന്ന ഭാരതിയമ്മ ടീച്ചറും, 6 ലെ എന്റെ ക്ലാസ് ടീച്ചറും, മലയാളം അദ്ധ്യാപകനുമായിരുന്ന ചാണ്ടപ്പിള്ള സാറും പ്രസംഗ മത്സരത്തിന് പേര് കൊടുക്കാൻ എന്നെ നിർബന്ധിച്ചു. അങ്ങനെ മടിച്ച്, മടിച്ച് ഞാൻ പ്രസംഗത്തിനും, പദ്യപാരായണത്തിനും പേര് നൽകി. 5 മുതൽ 10 വരെ ക്ലാസിലെ വിദ്യാർത്ഥികൾ മാറ്റുരച്ച പ്രസംഗ മത്സരത്തിൽ ഞാൻ ഒന്നാം സ്ഥാനവും, പദ്യപാരായണത്തിൽ രണ്ടാം സ്ഥാനവും നേടി. എന്റെ വിദ്യാർത്ഥി ജീവിതത്തെ മാറ്റിമറിച്ച സംഭവമായിരുന്നു അത്. അദ്ധ്യാപകർ കൂടുതൽ ഗൗരവത്തോടെ എന്നെ കാണാൻ തുടങ്ങി. ഹിന്ദി അദ്ധ്യാപകനും, സാഹിത്യകാരനുമായിരുന്ന പ്രഭാകരൻ സാർ എനിക്ക് വായിക്കാൻ പുസ്തകങ്ങൾ തന്നു. ശ്രീ. സി.എൻ.ശ്രീകണ്ഠൻ നായരുടെ സാകേതം, ലങ്കാലക്ഷ്മി, കാഞ്ചനസീത, അത് പോലെ ശ്രീ. വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ഒക്കെ ഞാൻ വായിച്ചത് അങ്ങനെയാണ്. അക്കൊല്ലം ജില്ലാ യുവജനോത്സവത്തിൽ എന്റെ സ്ക്കൂളിന് കിട്ടിയ ഒരേയൊരു പോയിന്റ് പ്രസംഗത്തിന് എനിക്ക് കിട്ടിയതായിരുന്നു.
അടുത്ത കൊല്ലം, അതായത് 7 ൽ പഠിക്കുമ്പോൾ ഞാൻ പ്രസംഗത്തിന് ജില്ലയിൽ മൂന്നാം സ്ഥാനം നേടി. 8 ൽ എത്തിയപ്പോൾ ജില്ലയിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടി. 1984 ഫെബ്രുവരി മാസം കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത എനിക്ക് ആൺകുട്ടികളുടെ പ്രസംഗ മത്സരത്തിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം ലഭിച്ചു. എന്റെ സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ സംസ്ഥാന യുവജനോത്സവ സമ്മാനം. 1986 ൽ വീണ്ടും തൃശൂർ വച്ച് നടന്ന സംസ്ഥാന യുവജനോത്സവത്തിലും എനിക്ക് രണ്ടാംസ്ഥാനം ലഭിച്ചു. എന്റെ അവസാന അവസരമായിരുന്നു അത്. സംസ്ഥാന തലത്തിൽ ഒരിക്കൽപ്പോലും ഒന്നാമതെത്താൻ കഴിഞ്ഞില്ലല്ലോ എന്ന ദു:ഖം എന്നെ പിന്തുടർന്നു കൊണ്ടേയിരുന്നു…. 2014 വരെ. അക്കൊല്ലം തിരൂർ വച്ച് നടന്ന CBSE മാനേജ്മെൻറ് അസോസിയേഷൻ സംസ്ഥാന കലോത്സവത്തിൽ എന്റെ മകൻ നിഖിൽ ശ്രീരാജ് 5 മുതൽ 7 വരെയുള്ള ക്ലാസുകളുടെ കാറ്റഗറിയിൽ ഇംഗ്ലീഷ് പ്രസംഗത്തിന് ഒന്നാം സ്ഥാനം നേടുന്നത് വരെ.
എന്റെ ഡ്രിൽ, ഡ്രോയിംഗ്, മ്യൂസിക് അദ്ധ്യാപകർ എന്നല്ല, സ്കൂളിലെ മുഴുവൻ അദ്ധ്യാപകരുടെയും നിർലോഭമായ പിന്തുണ പ്രസംഗ മത്സരത്തിന്റെ കാര്യത്തിൽ എനിക്ക് കിട്ടിയിരുന്നു. ഭയന്നിരുന്ന ക്ലാസുകൾ, അദ്ധ്യാപകർ അവർ പിന്നെപ്പിന്നെ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിച്ചു. ഞാൻ അഭിഭാഷകനായ ശേഷം യാദൃച്ഛികമായി എന്റെ ഡ്രിൽ മാഷ് സർവീസ് കേസുമായി രാജേന്ദ്രൻ സാറിന്റെ ഓഫീസിലെത്തിയത് മറക്കാനാവാത്ത ഓർമ്മയാണ്. സ്ക്കൂളും, സഹപാഠികളും, അദ്ധ്യാപകരും… പകരം വയ്ക്കാനാവാത്ത ഓർമ്മയാണ്, കാലമാണത്.