ഒരു പിറന്നാൾ ആശംസ

ഇന്ന് നിധി ബാലചന്ദ്രന്റെ ജന്മദിനമാണ്. 45 വയസ്സ് എന്നാണ് മുഖപുസ്തകം ലോകത്തോട് വിളിച്ച് പറയുന്നത്. 1997ലാണ് എന്നാണ് ഓർമ്മ.. നിധി രാജേന്ദ്രൻ സാറിന്റെ ഓഫീസിൽ ചേരുന്നത്. കുട്ടികളുടേത് പോലുള്ള നിഷ്കളങ്കത ആണ് ആദ്യം ഞങ്ങളുടെ ശ്രദ്ധയാകർഷിച്ചത്. നിധി വളരെ ഫ്രാങ്ക് ആണ്.. ഒരു തുറന്ന പുസ്തകം. ആര് പറയുന്നതും വിശ്വസിക്കുമായിരുന്നു. ആത്മാർത്ഥത ഇത്തിരി കൂടുതൽ എന്ന് തന്നെ പറയണം. കുട്ടിക്കളികളും വിട്ടുമാറിയിരുന്നില്ല. സുധീന്ദ്രനോട് വളരെ പെട്ടന്ന് ഒട്ടിച്ചേർന്നു. ഇഷ്ടമായാൽ ചങ്ക് പറിച്ചുതരുന്ന സ്വഭാവം. അത്യാവശ്യം സാഹസികത കൈമുതലായിരുന്നു. 2000 ജനുവരി 26 ന് എന്നെ കരുവേലിപ്പടിയിലെ വീട്ടിൽ നിന്ന് ഹരിപ്പാട് രാജേന്ദ്രൻ സാറിന്റെ വീടു വരെയും തിരികെയും ബൈക്കിൽ കൊണ്ടുപോയത് ഇപ്പോഴും ഒരു തരിപ്പോടെയേ ഓർക്കാനാവൂ. തിരികെ വരുമ്പോൾ ആലപ്പുഴ വച്ച് ഒരു പാണ്ടി ലോറിയുടെ അടിയിൽ നിന്ന് രക്ഷപ്പെട്ടത് നിധിയുടെ മന:സാന്നിദ്ധ്യം കൊണ്ട് മാത്രമാണ്.

നിധിയുടെ മറ്റൊരു പ്രത്യേകത തന്റെ പരിമിതികൾ അവന് നന്നായറിയാം എന്നതാണ്. അത് തുറന്ന് സമ്മതിക്കാൻ ഒരു മടിയുമില്ല എന്നത് നിധിയെ വ്യത്യസ്തനാക്കുന്നു. ഈയൊരു ഗുണത്തെപ്പറ്റി രേഖ പലപ്പോഴും എന്നോട് പറഞ്ഞിട്ടുള്ളതുമാണ്. സത്യസന്ധമായ സമീപനം സുഹൃത്തുക്കളോട് ഉള്ളത് കൊണ്ട് തന്നെ നിധിക്ക് ഒരു വലിയ സുഹൃത്ത് വലയം ഉണ്ട്. നിധിയെ പലരും തിരിച്ചറിയുന്ന ഒരു ഘടകം അവന്റെ ഒച്ചയാണ്. ഞാൻ കണ്ടു തുടങ്ങിയത് മുതൽ ആവശ്യപ്പെടുന്നതും അവന് ഇന്ന് വരെ കഴിയാത്തതുമായ ഒരു കാര്യം പതുക്കെ സംസാരിക്കുക എന്നതാണ്.

എന്റെ അച്ഛൻ നിധിയുടെ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. നിധിയെപ്പറ്റി അച്ഛൻ പറഞ്ഞ ഒരു സംഭവം ഉണ്ട്. ഒരിക്കൽ സ്ക്കൂളിൽ വച്ച് ക്രിക്കറ്റ് കളിക്കുമ്പോൾ ബോൾ ദേഹത്ത് കൊണ്ട് നിധിക്ക് ബോധക്ഷയമുണ്ടായി. ആവശ്യമായ ശുശ്രൂഷ നൽകിയ ശേഷം നിധിയെ വിശ്രമിക്കാൻ വീട്ടിൽ അയച്ചു. വിവരമറിഞ്ഞ് ഓടിയെത്തിയ നിധിയുടെ അമ്മ കാണുന്നതോ… അടുത്ത കളിക്ക് വീട്ട് മുറ്റത്ത് സ്റ്റംപ് ഉറപ്പിക്കുന്ന മകനെ…

ജന്മദിനാശംസകൾ പ്രിയ നിധി ബാലചന്ദ്രൻ

2019 എനിക്ക് സമ്മാനിച്ചത്

ഞങ്ങളുടെ കൊച്ച് സി.എ.ടിയിൽ നിന്ന് ഹരിരാജിന് ഒരു കൊല്ലത്തേക്ക് ഇമ്മിണി വല്ല്യ ഹൈക്കോടതിയിലേക്ക് ഡെപ്യൂട്ടേഷൻ അനുവദിച്ചു കൊണ്ടാണ് 2019 അവസാനിച്ചത്. എനിക്ക് 2019ന്റെ അവസാനം പക്ഷേ അത്ര സന്തോഷകരമായിരുന്നില്ല. ഒന്നാമത് ലക്ഷദ്വീപിൽ വച്ച് ഒരു കാരണവുമില്ലാതെ ഒന്ന് വെള്ളത്തിൽ വീണു. മൊബൈൽ ഫോൺ കേടായി. അതിലും സങ്കടം കൂടെ വന്ന രണ്ടെണ്ണം പൊത്തോന്നുള്ള എന്റെ വീഴ്ച ലൈവായി കൺകുളിർക്കെ കണ്ടല്ലോ എന്നതാണ്. നനഞ്ഞ് കുതിർന്ന് ഇതികർത്തവ്യതാമൂഢനായി ഞാനിരിക്കുമ്പോഴും അവർക്ക് സങ്കടം ആ വീഴ്ച ഒന്ന് വീഡിയോയിൽ പകർത്താനായില്ലല്ലോ എന്നതായിരുന്നു.

അതിലും കഷ്ടമായിരുന്നു തിരുപ്പതി ദർശനം കഴിഞ്ഞ് തിരിച്ച് പാറ്റ്ന എക്സ്പ്രസിൽ എറണാകുളത്തേക്ക് ഡിസംബർ 26 ന് നടത്തിയ യാത്ര. റിസർവ്ഡ്- അൺ റിസർവ്ഡ് വ്യത്യാസമില്ലാതെ ബോഗികളിൽ കുത്തി നിറഞ്ഞ അന്യസംസ്ഥാന തൊഴിലാളികൾ, ഒരു തരത്തിൽ അവരെ എഴുന്നേൽപ്പിച്ച് സീറ്റും ബർത്തും തിരിച്ച് പിടിച്ചിട്ടും പോകാതെ ഒട്ടിനിന്നു. ബോഗിയിൽ നിറഞ്ഞു നിന്ന മനംപുരട്ടുന്ന ഗന്ധം ഇപ്പോഴും നാസാരന്ധ്രങ്ങളിൽ നിന്ന് വിട്ടകന്നിട്ടില്ല. ഉപയോഗിക്കാൻ കൊള്ളാതാക്കിയ ശുചിമുറികൾ, തുപ്പൽ കോളാമ്പി എന്ന് തോന്നിച്ച ബോഗികളിലെ നിലം, നിരന്തരം നിരോധിത പുകയില ഉൽപ്പന്നങ്ങൾ ചവച്ചു കൊണ്ടിരിക്കുന്ന ആളുകൾ, ദൈന്യതയുടെ ആൾരൂപമായ വനിതാ ടി.ടി.ഇ…. പാറ്റ്ന എക്സ്പ്രസിലെ കാഴ്ചകൾ അനവധിയാണ്. ഇടക്ക് ഒരു തമിഴ് ട്രാൻസ് ജൻഡർ കയറി ഭീഷണിപ്പെടുത്തി പണം പിരിക്കുന്നുണ്ടായിരുന്നു. ഉറക്കം നടിച്ചു കിടന്ന എന്നെ എന്തോ ഭാഗ്യത്തിന് വെറുതെ വിട്ടു. 26 ന് ഉച്ചക്ക് 1 ന് തിരുപ്പതിയിൽ നിന്നാരംഭിച്ച നരകയാത്ര അവസാനിച്ചത് രാത്രി 2.30ക്ക്.

2020 എല്ലാവർക്കും നല്ല വർഷമാകട്ടെ എന്നാശംസിക്കുന്നു.