കാഞ്ഞങ്ങാട് വച്ച് സംസ്ഥാന യുവജനോത്സവം അതിഗംഭീരമായി നടന്നു വരികയാണല്ലോ? 14 റവന്യു ജില്ലകളിൽ നിന്ന് 293 ഇനങ്ങളിലായി പതിനായിരക്കണക്കിന് മിടുക്കൻമാരും, മിടുക്കികളും മാറ്റുരക്കുന്ന ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവം. ഏറെ ഗൃഹാതുരത്വമുണർത്തുന്ന ഒന്നാണ് എനിക്ക് ഓരോ വർഷത്തെയും സംസ്ഥാന യുവജനോത്സവം. എന്റെ സ്ക്കൂൾ ജീവിതത്തിനിടയിൽ 2 തവണ ഈശ്വരകൃപയാൽ ഈ കലാ മാമാങ്കത്തിൽ പങ്കാളിയാകാൻ അവസരം ലഭിച്ചിരുന്നു. 1984 ൽ കോട്ടയത്ത് വച്ച് നടന്ന 24ാമത് സംസ്ഥാന യുവജനോത്സവത്തിലും, 1986 ൽ തൃശൂർ വച്ച് നടന്ന 26ാമത് സംസ്ഥാന യുവജനോത്സവത്തിലും.
അന്നൊക്കെ അതാത് വിദ്യാഭ്യാസ ജില്ലകളിൽ ഒന്നാമതെത്തുന്നവരാണ് സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുത്തിരുന്നത്. അതായത് 31 പേർ. ഇന്നത്തെപ്പോലെ അന്ന് അപ്പീലുകളുമായി മത്സരത്തിനെത്തുന്ന പ്രവണത തീരെ ഇല്ലായിരുന്നു എന്ന് തന്നെ പറയണം. സ്വർണക്കപ്പ്, കലാ പ്രതിഭ, കലാതിലകം എന്നിവ നടപ്പിലാക്കിയ 1986 സംസ്ഥാന യുവജനോത്സവം മുതലാണ് കൗമാര കേരളത്തിന്റെ കലാമാമാങ്കത്തിൽ കല്ലുകടി തുടങ്ങിയത്.
1984 ലെ സംസ്ഥാന യുവജനോത്സവത്തിൽ പങ്കെടുക്കുന്നതിനായി കോട്ടയത്തേക്ക് പോകാൻ ഞങ്ങളെല്ലാം ആലപ്പുഴയിലെ ഒരു കോൺവെന്റ് സ്ക്കൂളിൽ…സെന്റ് ജോസഫ്സ് ആണെന്ന് തോന്നുന്നു….. ഒത്തു കൂടിയത് ഞാൻ ഓർക്കുന്നു. ഞാനന്ന് 8ലാണ്. എന്റെ കൂടെ അച്ഛൻ ഉണ്ടായിരുന്നു. പൊതുവായി കാര്യങ്ങൾ വിശദീകരിച്ച ശേഷം അദ്ധ്യാപകർ ഞങ്ങളെയെല്ലാം ബോട്ട് ജട്ടിയിലേക്ക് കൊണ്ട് പോയി. അന്ന് പെൺകുട്ടികളുടെ വിഭാഗം പ്രസംഗ മത്സരത്തിന് ആലപ്പുഴയെ പ്രതിനിധീകരിച്ചിരുന്നത് പിന്നീട് കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൻ ആയി തിരഞ്ഞെടുക്കപ്പെട്ട ബിച്ചു എക്സ് മലയിൽ ആയിരുന്നു. ആൺകുട്ടികളുടെ വിഭാഗത്തിൽ ഞാനും.
ബോട്ട് ജട്ടിയിൽ നിന്ന് പ്രത്യേകം റിസർവ് ചെയ്ത ബോട്ടിൽ കാഴ്ചകൾ കണ്ട് കൊണ്ട് കോട്ടയത്തേക്കുള്ള ആ യാത്ര അവിസ്മരണീയമായിരുന്നു. ഞാൻ ഓർക്കുന്നു, ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ചിത്രകലാ അദ്ധ്യാപകൻ ഇതിനിടയിൽ വിവിധ ദൃശ്യങ്ങൾ കാണിച്ച് അവ എങ്ങനെ ചിത്രീകരിക്കണമെന്ന് ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥീ വിദ്യാർത്ഥിനികൾക്ക് പറഞ്ഞ് കൊടുത്ത് കൊണ്ടിരുന്നത്.
കോട്ടയത്തെത്തി രജിസ്ട്രേഷൻ പൂർത്തിയാക്കി ആലപ്പുഴ ടീമിന്റെ ക്യാമ്പിൽ കഴിയുന്നവർ അങ്ങോട്ടേക്ക് പോയി. എനിക്ക് നാലാം ദിവസം മാത്രമാണ് മത്സരമെന്നതിനാൽ ഞാനും അച്ഛനും കടുത്തുരുത്തിയിലെ തറവാട്ടിലേക്ക് യാത്രയായി. അതിനിടയിൽ വർണശബളമായ ഘോഷയാത്ര ആരംഭിച്ചിരുന്നതിനാൽ ഏറെ പണിപ്പെട്ട്, രാത്രി വൈകിയാണ് ഞങ്ങൾ കടുത്തുരുത്തി എത്തിയത്.
നാലാം ദിവസം. നേരത്തേ തന്നെ മത്സരവേദിയിൽ എത്തി. എന്നെപ്പോലെ 30 പേർ. എല്ലാവരുടെയും മുഖത്തും, മനസിലും ടെൻഷൻ. തെറ്റി, ഒരാളുടെ ഒഴികെ. തലേക്കൊല്ലത്തെ ഒന്നാം സ്ഥാനക്കാരനായ, അക്കൊല്ലം അഖില കേരള ബാലജന സഖ്യത്തിന്റെ പി.സി.അലക്സാണ്ടർ എൻഡോവ്മെന്റ് പ്രസംഗ മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമനായ തിരുവല്ല എം.ജി.എം ഹൈസ്ക്കൂളിലെ പത്താം ക്ലാസുകാരൻ ആർ. സുരേഷ് കുമാർ ആയിരുന്നു അത്. ഞങ്ങളെയെല്ലാം ദൂരെ ഒരു ഹാളിൽ കൊണ്ടു പോയി ഇരുത്തി. ഓരോരുത്തരെയായി വിളിച്ച് വിഷയം നൽകാൻ കൊണ്ടുപോയി. ഒടുവിൽ എന്റെ ഊഴം വന്നു.
“ഭാരതത്തിന്റെ അഖണ്ഡത നേരിടുന്ന വെല്ലുവിളികൾ”… വിഷയം കണ്ടതും അതിന് മുമ്പൊരിക്കലും തോന്നാത്ത ചിന്തകളാണ് എന്റെ മനസിലേക്ക് വന്നത്. ഇതാ, അവസാനത്തെ കടമ്പക്ക് മുന്നിൽ ഞാൻ നിൽക്കുന്നു. അഞ്ച് മിനിട്ട്, അഞ്ചേയഞ്ച് മിനിട്ട്… അത് ശരിയായാൽ… ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ അനാവശ്യമായി, അസ്ഥാനത്ത് കടന്ന് വന്ന ഫലേച്ഛയെ ഞാൻ പഴിക്കുന്നു. അന്ന് ശാന്തമായി, പക്വമായി ഞാൻ ചിന്തിച്ചിരുന്നെങ്കിൽ
വേദിയിലെത്തിയപ്പോൾ വിധികർത്താക്കൾക്കൊപ്പം വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം. ജേക്കബും. പിന്നീടാണറിഞ്ഞത് അദ്ദേഹം പണ്ട് കോതമംഗലം വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന യുവജനോത്സവത്തിൽ പ്രസംഗ മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട് എന്ന്. വിധികർത്താക്കളിൽ ശ്രീ. ചിത്രൻ നമ്പൂതിരിപ്പാട് ഉണ്ടായിരുന്നതായി ഞാൻ ഓർക്കുന്നു. പതിനെട്ടാമതോ മറ്റോ ആണ് ഞാൻ പ്രസംഗിച്ചത്. റിസൽട്ട് പിറ്റേന്നേ വരൂ എന്ന് അറിഞ്ഞത് കൊണ്ട് ഞങ്ങൾ തിരികെ കടുത്തുരുത്തിക്ക് പോയി. പിറ്റേന്ന്… ഇന്നും ഞാൻ ഓർക്കുന്നു…. മുഖ്യ വേദിയിൽ നിന്നുയർന്ന അനൗൺസ്മെന്റ്.. “ആൺ കുട്ടികളുടെ പ്രസംഗ മത്സരം… ഫസ്റ്റ് പ്രൈസ് വിത്ത് ഏ ഗ്രേഡ്..ആർ.സുരേഷ് കുമാർ, എം.ജി.എം ഹൈസ്ക്കൂൾ തിരുവല്ല, സെക്കന്റ് പ്രൈസ് വിത്ത് ഏ ഗ്രേഡ്..ആർ.ശ്രീരാജ്, സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂൾ, അരൂർ”…. ഞാൻ സന്തോഷം കൊണ്ട് തുള്ളിച്ചാടിയ നിമിഷങ്ങൾ. വൈകിട്ട് വിദ്യാഭ്യാസ മന്ത്രിയുടെ കൈയിൽ നിന്ന് സർട്ടിഫിക്കറ്റും ട്രോഫിയും ഏറ്റ് വാങ്ങി. പാതിരാത്രി വീട്ടിലെത്തി ഗേറ്റിൽ മുട്ടി, ഗേറ്റ് തുറക്കാൻ അമ്മ വരുമ്പോൾ അച്ഛൻ അഭിമാനത്തോടെ പറഞ്ഞത് ഞാൻ ഓർക്കുന്നു…. “അവൻ ജയിച്ചു”.
നേരം വെളുക്കും മുമ്പേ മംഗളം കലാ സാഹിത്യ വേദിയുടെ കലോത്സവത്തിൽ പങ്കെടുക്കാൻ ആലപ്പുഴക്ക്. അവിടെ ചെന്ന് പേപ്പറുകൾ വാങ്ങി… എല്ലാത്തിലും വാർത്തയുണ്ട്. രാത്രി വൈകി വീട്ടിലെത്തുമ്പോൾ അന്ന് തൃശൂർ എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ചിരുന്ന ചേട്ടനുണ്ട് കിടന്നുറങ്ങുന്നു. അച്ഛൻ അമ്മയോട് പറഞ്ഞു… “ഞാനവനോട് പറഞ്ഞതല്ലേ എപ്പോഴും ഇങ്ങോട്ട് ഓടി വരേണ്ടന്ന്”. അമ്മയുടെ മറുപടി…” ഉണ്ണിക്ക് സമ്മാനം കിട്ടുമ്പോൾ ഞാൻ വരണ്ടേന്ന് അവൻ ചോദിച്ചു”. പിറ്റേന്ന് മാതൃഭൂമി പത്രത്തിൽ എന്റെ പടം ആദ്യം കണ്ടതും ചേട്ടനാണ്. രസമതല്ല, എന്നെ തോൽപ്പിച്ച സുരേഷ് കുമാർ പിന്നീട് മദ്രാസ് 1IT യിൽ Btch ന് ചേട്ടന്റെ ജൂനിയറായിരുന്നു, സന്ദർഭവശാൽ അന്നത്തെ മത്സരത്തെക്കുറിച്ച് അവർ സംസാരിക്കുകയും ചെയ്തു.
അന്ന് ആ യുവജനോത്സവ വേദിയിലെ മറ്റ് ചില വിജയികൾ ആരൊക്കെയായിരുന്നു എന്നോ? ചലച്ചിത്ര നടൻ വിനീത്, തൃപ്പൂണിത്തുറ മുൻ ചെയർപേഴ്സൺ രഞ്ജിനി, ശാസ്ത്രീയ സംഗീത വിദ്വാൻ ശങ്കരൻ നമ്പൂതിരി, നാദസ്വര വിദ്വാൻ മുരുകദാസ്, മൃദംഗ വിദ്വാൻ അനന്തകൃഷ്ണൻ.. വിധികർത്താക്കളായി ശ്രീ. വൈലോപ്പിള്ളി ശ്രീധരമേനോൻ , ശ്രീ. ചെമ്മനം ചാക്കോ, ശ്രീ.എം.പി.മന്മഥൻ, ശ്രീ. ജോസഫ് കൈമാപ്പറമ്പൻ, ശ്രീ. കെ.കെ. തോമസ്, ശ്രീ. കോട്ടയം പുഷ്പ നാഥ്….
35 കൊല്ലങ്ങൾക്കിപ്പുറവും കോട്ടയത്തെ ആ യുവജനോത്സവം എന്നെ ആവേശഭരിതനാക്കുന്നു. കാഞ്ഞങ്ങാട് പ്രതിഭയുടെ മാറ്റുരയ്ക്കുന്ന കൊച്ച് കൂട്ടുകാർക്ക് എല്ലാ ആശംസകളും